ഡല്‍ഹി: ബംഗ്ലാദേശ് കലാപത്തിന്റെ സാഹചര്യത്തില്‍ സർവ്വകക്ഷിയോഗം വിളിച്ച് ചേർത്ത് കേന്ദ്ര സർക്കാർ. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ബംഗ്ലാദേശിലെ 12000-13000 ഇന്ത്യക്കാരെ ഉടനടി ഒഴിപ്പിക്കേണ്ടതായ അതീവ ഗുരുതര സാഹചര്യം ഇല്ലെന്നും സർവകക്ഷി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ലോക്സഭയിലം വിദേശകാര്യ വകുപ്പ മന്ത്രി വിഷയത്തിൽ സംസാരിക്കും.
300-ലധികം പേർ കൊല്ലപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തെ തുടർന്നുള്ള ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവകക്ഷി യോഗത്തിൽ ജയശങ്കർ പറഞ്ഞു.
സർക്കാർ ജോലികൾക്കായുള്ള വിവാദ ക്വാട്ട സമ്പ്രദായത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഏകദേശം 8,000 ഇന്ത്യക്കാർ, കൂടുതലും വിദ്യാർത്ഥികൾ, ഇന്ത്യയിലേക്ക് മടങ്ങിയതായും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് തിങ്കളാഴ്ച ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയുമായി സർക്കാർ ഹ്രസ്വമായ ചർച്ച നടത്തിയതായും ജയശങ്കർ അറിയിച്ചു. “ഹസീനയുടെ ഭാവി പദ്ധതി തീരുമാനിക്കാൻ സർക്കാർ കുറച്ച് സമയം നൽകാൻ ആഗ്രഹിക്കുന്നു,” ജയശങ്കറിനെ ഉദ്ധരിച്ച് വൃത്തങ്ങൾ പറഞ്ഞു.
ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെ എല്ലാ എൻഡിഎ സഖ്യകക്ഷികളും മിക്ക പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുത്തു. എന്നാൽ യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന പരാതിയുമായി എ എ പി രംഗത്ത് വന്നു.
അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഇടക്കാല സർക്കാരാണ് ബംഗ്ലാദേശിൽ ഭരിക്കുന്നത് എന്നതിനാൽ ഇടത്തരം, ദീർഘകാല തന്ത്രങ്ങൾ ഉണ്ടാകണമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും കേന്ദ്രം ഇത് സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ടെന്നും അതിലൂടെ മാത്രമേ അടുത്ത നീക്കത്തെ മികച്ചതാക്കാൻ കഴിയുകയുള്ളുവെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ധാക്കയിൽ നടന്ന നാടകീയ സംഭവവികാസങ്ങളിൽ വിദേശ ശക്തികളുടെ, പ്രത്യേകിച്ച് പാകിസ്ഥാൻ്റെ പങ്കാളിത്തം ഉണ്ടാകുമോയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
ബംഗ്ലാദേശിലെ നാടകീയമായ സംഭവവികാസങ്ങൾ ന്യൂഡൽഹി മുൻകൂട്ടി കണ്ടിരുന്നോയെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി ഇതിന് മറുപടി നൽകി. ബംഗ്ലാദേശിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന നരേന്ദ്ര മോദി സർക്കാരിന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.