മനാമ: ദേശീയ, അന്തർദേശീയ ആരോഗ്യ ലക്ഷ്യങ്ങൾക്കനുസൃതമായി രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനും ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ എല്ലാ പൗരർക്കും രാജ്യത്തെ മറ്റു താമസക്കാർക്കും ലഭ്യമാക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 28ന് നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. എല്ലാ വർഷവും നടക്കുന്ന ദിനാചരണം ഇത്തവണ ‘ഇത് പ്രവർത്തനത്തിനുള്ള സമയമാണ്’ എന്ന പ്രമേയവുമാണാണ് നടന്നത്. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുകയും രോഗത്തിൻ്റെ വ്യാപനവും സങ്കീർണതകളും കുറയ്ക്കുന്നതിനും ആത്യന്തികമായി അത് ഇല്ലാതാക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്.
1991 മുതൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനും 2004 മുതൽ ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷനും ഉൾപ്പെടെ ബഹ്റൈൻ രാജ്യനിവാസികൾക്ക് നൽകിവരുന്നുണ്ട്.
ഉയർന്ന നിലവാരമുള്ള പരിശോധനകളിലൂടെ ഈ വൈറസുകളെ കണ്ടെത്തുന്നതിനുള്ള ലബോറട്ടറി സംവിധാനങ്ങളൊരുക്കുന്നതിലും തുടർച്ചയായി അവബോധം നൽകിക്കൊണ്ട് ആവശ്യമായ ചികിത്സകൾ നൽകുന്നതിലും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.