ബംഗളുരു : വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബിജെ.പി – ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി ബംഗളുരുവിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി അഴിമതി ആരോപണങ്ങളിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് വാർത്താസമ്മേളനം വിളിച്ചത്. കുമാരസ്വാമി സംസാരിക്കാൻ നിൽക്കുന്നതിനിടെ മൂക്കിൽ നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് രക്തം തുടയ്ക്കാൻ ശ്രമിച്ചെങ്കിലും രക്തസ്രാവം തുടരുകയായിരുന്നു. ഉടൻ തന്നെ പ്രവർത്തകർ ചേർന്ന് വാഹനത്തിൽ കയറ്റി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജയനഗരത്തിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. പ്രത്യേക സാഹചര്യത്തിൽ വാർത്താസമ്മേളനം മാറ്റി വയ്ക്കുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചു.