മനാമ: ജനാബിയ റോഡ് വികസന പദ്ധതിയുടെ 90 ശതമാനത്തിലധികം പൂർത്തിയായതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് നിർമാണസ്ഥലം സന്ദർശിച്ച തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഷെയ്ഖ് മിഷാൽ ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. സൽമാൻ സിറ്റിയിലേക്ക് എത്തിച്ചേരാനുള്ള വഴികളുടെ വികസന പരിപാടിയുടെയും ചുറ്റുമുള്ള റോഡ് ശൃംഖല നവീകരണത്തിൻ്റെയും മൂന്നാം ഘട്ടത്തിൻ്റെ ഭാഗമാണ് പദ്ധതി.
പദ്ധതി വഴി ഓരോ ദിശയിലും ഏകദേശം 4 കിലോമീറ്ററിൽ മൂന്ന് വരികളായി വികസിപ്പിക്കുകയും മണിക്കൂറിൽ 10,500 വാഹനങ്ങളെ ഉൾക്കൊള്ളാൻ പാകത്തിൽ കവലകൾ വികസിപ്പിക്കുകയും ചെയ്യും. റോഡരികിലെ പൊതു സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യൽ, അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കൽ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖല സ്ഥാപിക്കൽ, സാധ്യമാകുന്നിടത്ത് സർവീസ് റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും സൃഷ്ടിക്കൽ, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കൽ, അടയാളങ്ങളും ചില സൗന്ദര്യവൽക്കരണ സംവിധാനങ്ങളും സ്ഥാപിക്കൽ, സുരക്ഷാ നടപടികൾ വർധിപ്പിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.