അങ്കോള: അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മറ്റുവിവാദങ്ങളിലേക്ക് ആരും പോകരുതെന്ന് ലോറി ഉടമയായ മനാഫ്. എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ദുരന്തമുഖത്ത് നിലകൊള്ളുന്നത്, അധികാരികളുമായിട്ട് നിരന്തരം സംസാരിക്കുന്നുണ്ടെന്ന് മനാഫ് പ്രതികരിച്ചു. പേപ്പർ വർക്കുകൾ അടക്കമുള്ള പല കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. കേരളത്തിൽ നിന്ന് ഇനി ആരും ദുരന്തസ്ഥലത്തേക്ക് വരരുതെന്നും മനാഫ് പറയുന്നു. 25 പേർക്കാണ് അനുമതിയുള്ളത്. ഇത്രയും ആളുകൾ മതി. കേരളത്തിലുള്ളവർ കർണാടകയെ അപമാനിക്കുന്നു എന്ന തരത്തിലാണ് പ്രാദേശിക തലത്തിൽ വാർത്തകൾ വരുന്നത്. അർജുന്റെ വീട്ടുകാരുടെ വിഷമം ഇവിടെയുള്ള പലരും മനസിലാക്കുന്നില്ല. വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്നുകരുതി ഇതുവരെ പറയാത്തതാണ്. അർജുൻ ചിലപ്പോൾ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുക. അക്കാര്യത്തിൽ തനിക്ക് നല്ല സംശയമുണ്ടെന്നും മനാഫ് പറയുന്നു.അർജുനും ലോറിയും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം സ്ഥിരീകരിച്ചു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന.