മനാമ: നഗരങ്ങളുടെ സമ്പന്നമായ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹികവും സാംസ്കാരികവുമായ വികസനമാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നതെന്ന് സുസ്ഥിര വികസന മന്ത്രിയും ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ഖുലൈഫ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. ഉന്നതതല രാഷ്ട്രീയ ഫോറത്തിന്റെ (എച്ച്.എല്‍.പി.എഫ്. 2024) മന്ത്രിതല സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യുവാക്കളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരുടെ സുപ്രധാന പങ്കും രാജ്യം തിരിച്ചറിയുന്നതായി അവര്‍ പറഞ്ഞു. 33ാമത് അറബ് ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നടത്തിയ ‘ബഹ്റൈന്‍ പ്രഖ്യാപന’ത്തില്‍ അവതരിപ്പിച്ച സംരംഭങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. ഈ സംരംഭങ്ങള്‍ പിന്നീട് അംഗരാജ്യങ്ങള്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.
‘എസ.്ഡി.ജി. ഉച്ചകോടി മുതല്‍ ഭാവിയുടെ ഉച്ചകോടി വരെ’ എന്ന തലക്കെട്ടില്‍ യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ (ഇക്കോസോക്ക്) രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക ഫോറം, യു.എന്‍. 2030 അജണ്ടയും സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്.ഡി.ജി) മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാജ്യങ്ങള്‍ നേരിടുന്ന പുരോഗതിയും വെല്ലുവിളികളുമാണ് ചര്‍ച്ച ചെയ്യുന്നത്. ഉദ്ഘാടന സെഷനില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി ജമാല്‍ ഫാരിസ് അല്‍ റൊവൈയിയും പങ്കെടുത്തു.