തിരുവനന്തപുരം: നാലാം ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ മടക്കി അയച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപടികളിലെ കടുത്ത അതൃപ്തി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം. തിരുവനന്തപുരത്ത് ജൂണ്‍ 13 മുതല്‍ 15 വരെയാണ് കേരള സഭ നടക്കുന്നത്. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് ചേരുന്ന സഭയില്‍ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും.