തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താൻ സി.പി.എം നേതൃയോഗങ്ങൾ ചേരുന്നു.
വിശദമായ ചർച്ചകൾക്കായി അഞ്ചു ദിവസത്തെ നേതൃയോഗം വിളിച്ചു. തിരുത്തല്‍ നടപടികൾ ആവശ്യമുണ്ടെന്നു കണ്ടാൽ ഉടന്‍ അതിലേക്ക് കടക്കാനാണ് തീരുമാനം. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും. വിശദമായ ചര്‍ച്ചയ്ക്ക് അഞ്ചു ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും.16, 17 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20 തീയതികളില്‍ സംസ്ഥാന സമിതി യോഗങ്ങൾ നടക്കും.
മന്ത്രി കെ. രാധാകൃഷ്ണന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകളും സി.പി എമ്മിന്റെ പരിഗണനയിലുണ്ട്. എം.പിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണമെന്നാണ് ചട്ടം. പകരം സംവിധാനത്തെക്കുറിച്ച് മറ്റന്നാള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചര്‍ച്ചയുണ്ടാകും. ചുമതല ആര്‍ക്കെങ്കിലും കൈമാറണോ അതോ പകരക്കാരനെ ഉടന്‍ കണ്ടെത്തണോ എന്നകാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. പത്താം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യവും പാര്‍ട്ടി പരിഗണിക്കും.