ന്യൂഡൽഹി: സാങ്കേതിക തകരാർ മൂലം 30 മണിക്കൂർ ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനം വൈകിയ സംഭവത്തിൽ യാത്രക്കാർക്ക് വൗച്ചറുമായി എയർ ഇന്ത്യ . യാത്രക്കാർക്ക് 350 യു.എസ് ഡോളറിന്റെ (29203 രൂപ) യാത്രാവൗച്ചറാണ് എയർ ഇന്ത്യ നൽകിയത്. വൗച്ചർ പിന്നീടുള്ള എയർ ഇന്ത്യ യാത്രകൾക്ക് ഉപയോഗിക്കാം. യാത്ര ചെയ്യാത്തവർക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനം വൈകിയതിൽ യാത്രക്കാരോട് എയർ ഇന്ത്യ ക്ഷമാപണവും നടത്തി.വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് പുറപ്പെടേണ്ട വിമാനം വെള്ളിയാഴ്ച രാത്രി 9.55നാണ് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
അതേസമയം പാരീസിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മുംബയിൽ ഇന്ന് അടിയന്തര ലാൻഡിംഗ് നടത്തി. ഒരാഴ്ചയ്ക്കിടെ ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്ന മൂന്നാമത്തെ വിമാനമാണിത്. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യു.കെ 024 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് രാവിലെ 10.19ന് മുംബയ് ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.