ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽ സംഘർഷം. അസംഗഡിലെ റാലിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രശ്നങ്ങളുണ്ടായത്. എസ്പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് പോലീസ് പറയുന്നത്.
അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് വേദിയിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. ഉച്ചഭാഷിണികൾ സ്ഥാപിച്ച സ്റ്റാൻഡും ബാരിക്കേഡുകളും കസേരകളും പ്രവർത്തകർ തകർത്തു. സംഘർഷത്തിലേർപ്പെട്ട പ്രവർത്തകരോട് ശാന്തരാകാൻ അഖിലേഷ് യാദവ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ചിലർ പിരിഞ്ഞുപോയെങ്കിലും മറ്റുപ്രവർത്തകർ അക്രമം തുടർന്നു. ഇതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് അഖിലേഷും ഡിംപിളും വേദിയിൽനിന്ന് പോയി. പ്രവർത്തകരെ പിരിച്ചുവിടാൻ പിന്നീട് ഇവിടേയ്ക്ക് കൂടുതൽ പോലീസെത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച സന്ത് കബീർ നഗറിൽ നടന്ന റാലിയിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സുരക്ഷാ വലയം ഭേദിച്ച് അഖിലേഷ് യാദവിന്റെ അടുത്തേക്ക് ബാരിക്കേഡുകൾ ചാടികടന്നാണ് പ്രവർത്തകർ എത്തിയത്. അഖിലേഷിന്റെ കാറിന് സമീപമെത്തിയ പ്രവർത്തകർ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തു. തിക്കിലും തിരക്കിലും വേദിയിലുണ്ടായിരുന്ന കൂളറുകൾക്കും കസേരകൾക്കും കേടുപാടുണ്ടായി. തുടർന്ന് പോലീസിന്റെ വൻ സുരക്ഷയിലാണ് അഖിലേഷ് വേദിയിലേക്ക് എത്തിയത്.