കൊച്ചി: മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ തൃശൂർ വല്ലപ്പാട് സ്വദേശി സബിത്ത് നാസർ പിടിയിൽ. അവയവ കടത്ത് സംഘത്തിലെ മുഖ്യകണ്ണി ആണ് ഇയാൾ. ഇറാനിലേക്ക് അവയവക്കടത്തിന് ആളെ കൊണ്ടുപോയത്തിനു ശേഷംമടങ്ങി വരുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ചാണ് ഇയാളെ പിടികൂടിയത്. വൃക്ക കച്ചവടമാണ് ഇയാൾ നടത്തിയിരുന്നത്.
ചെറിയ തുക നൽകി ആളുകളെ ഇറാനിലെത്തിക്കും. ശേഷം അവയവമെടുത്ത് വൻ തുകയ്ക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. അവിടത്തെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നിരുന്നതെന്നാണ് കണ്ടെത്തൽ. സബിത്ത് നിരവധി പേരെ ഇറാനിലെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിയുടെ ഫോണിൽ നിന്ന് അവയവക്കടത്തിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സബിത്ത് നാസറിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആലുവ റൂറൽ എസ് പി പറഞ്ഞു. അവയവ മാഫിയയിലെ പ്രധാന കണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായി. എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സബിത്ത് നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.