തിരുവനന്തപുരം: ഓണക്കാലത്തെ മദ്യകച്ചടവടം കൊഴുപ്പിക്കാന്‍ ബെവ്കോ നടപടി തുടങ്ങി. മൊബൈല്‍ ആപ്പ് വഴി ബുക്കിംഗിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ബാറുകളെ സഹായിക്കുന്ന ബെവ്ക്യൂ ആപ്പ് പിന്‍വലിക്കണമെന്ന് ബെവ്കോയിലെ ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.
ഓണക്കാലത്ത് സംസ്ഥാനത്തെ പ്രതിദിന ശരാശരി മദ്യവില്‍പ്പന ഇരട്ടിയായിലേറെ കടക്കാറുണ്ട്. ബെവ്കോയുടെ വില്‍പ്പന ഓരോ വര്‍ഷവും റെക്കോഡ് സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ മദ്യവില്‍പ്പനക്കുള്ള ബുക്കിംഗും മൊബൈല്‍ ആപ്പ് വഴിയായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ബെവ്ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗില്‍ ഭൂരിഭാഗവും ബാറുകളിലേക്കാണ്. പ്രതിദിനം ശരാശരി 400 ടോക്കണുകള്‍ ലഭിക്കേണ്ട സ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ കിട്ടുന്നത് 150 ല്‍ താഴെ ടോക്കണുകള്‍ മാത്രമാണ്. ബെവ്ക്യൂ ആപ്പ് വഴി നാല് ദിവസത്തിലൊരിക്കല്‍ മാത്രമേ ബുക്കിംഗ് അനുവദിക്കുകയുള്ളൂ. എന്നാല്‍ ഓണക്കാലം എത്തിയതോടെ നിയന്ത്രണം ഒഴിവാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ബുക്ക് ചെയ്യാം. ഇതിന്റെ ഗുണം ബാറുകള്‍ക്കായിരിക്കുമെന്ന ആക്ഷേപം ശക്തമാവുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്താനും തിരക്ക് കുറക്കാനുമാണ് ബെവ്ക്യൂ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്. അഞ്ച് ദിവസത്തിലൊരിക്കല്‍ മാത്രം മദ്യവില്പന ശാലകളില്‍ എത്തിയിരുന്നവര്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്ന സ്ഥിതയാണുള്ളത്. ഓണക്കാലത്ത് ബുക്കിംഗ് നിയന്ത്രണങ്ങളിലെ ഇളവ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാവുകയാണ്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X