മുംബയ്: ചിക്കന്‍ ഷവര്‍മ കഴിച്ച് 19കാരന് മരണപ്പെട്ടു. സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലാണ് സംഭവം. പ്രഥമേഷ് ഭോക്സെ (19) എന്ന യുവാവാണ് മരിച്ചത്. അമ്മാനന് അബ്ബാസിനൊപ്പം ഈ മാസം മൂന്നാം തീയതിയാണ് യുവാവ് വഴിയോര ഭക്ഷണശാലയില്‍ നിന്ന് ചിക്കന്‍ ഷവര്‍മ കഴിച്ചത്. തൊട്ടുത്ത ദിവസം ഇരുവര്‍ക്കും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്തു.തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ആശ്വാസം തോന്നിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി പോയെങ്കിലും അല്‍പ്പസമയത്തിനകം വീണ്ടും വയറ് വേദന അനുഭവപ്പെടുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇയാളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്യൂട്ടി ഡോക്ടര്‍ പരിശോധന നടത്തിയ ശേഷം പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട് വീണ്ടും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായ യുവാവ് ചൊവ്വാഴ്ച മരിക്കുകയും ചെയ്തു.സംഭവത്തില്‍ കച്ചവടക്കാരായ ആനന്ദ്, മുഹമ്മദ് ഷേയ്ഖ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കേടായ ചിക്കനാണ് ഷവര്‍മയില്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുംബയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിക്കുന്ന രണ്ടാമത്തെ കേസാണിത്.ഏപ്രില്‍ അവസാനവാരം ഗോരേഗാവില്‍ വഴിയോര കച്ചവടക്കാരില്‍ നിന്ന് ചിക്കന്‍ ഷവര്‍മ കഴിച്ച 12 പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വേനല്‍ക്കാലത്ത് റോഡരികില്‍ വില്‍ക്കുന്ന ചിക്കനും ചിക്കന്‍ വിഭവങ്ങളും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയും മാരകമായ ഫലങ്ങളും ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.