മനാമ: മറ്റു രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്കെത്തുന്ന യാത്രക്കാർക്ക് കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കാനുള്ള മുൻകരുതൽ നടപടികളിൽ ഇളവ് അനുവദിച്ചു. ബഹ്റൈനിലേക്കെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയാൽ അവർക്കു 10 ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ആവശ്യമില്ല. എന്നാൽ 10 ദിവസം കഴിഞ്ഞ് ഇവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. സുപ്രീം ആരോഗ്യ കൗൺസിൽ ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ യാത്രക്കാരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. പരിശോധനയ്ക്കുള്ള തുക യാത്രക്കാർ സ്വയം വഹിക്കണം. യാത്രക്കാർ രണ്ടു കോവിഡ് ടെസ്റ്റുകളാണ് നടത്തേണ്ടത്.
ടാസ്ക്ഫോഴ്സ് സമർപ്പിച്ച കോവിഡ് -19 ആനുകാലിക പുനരവലോകന റിപ്പോർട്ട് പരിഗണിച്ചതിനെത്തുടർന്ന്, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി, നടപടികൾക്ക് ഇന്ന് (2020 ഓഗസ്റ്റ് 20) മുതൽ അംഗീകാരം നൽകി.
- ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത കോവിഡ് -19 പി.സി.ആർ പരിശോധന നടപടി തുടരും.
- വരുന്ന എല്ലാ യാത്രക്കാരും രണ്ട് കോവിഡ് -19 ടെസ്റ്റുകൾ നടത്തണം. എത്തിച്ചേരുമ്പോൾ ഒരു പരിശോധനയും 10 ദിവസത്തിനു ശേഷം ഒരു പരിശോധനയും നടത്തണം. രണ്ടു പരിശോധനകൾക്കുമായി 60 ബഹ്റൈൻ ദിനറാണ് ഫീസ്.
- രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും ‘BeAware Bahrain’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കണം.
- രാജ്യത്തെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തുന്ന പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.
- വരുന്ന എല്ലാ യാത്രക്കാരും ബഹ്റൈനിൽ എത്തുമ്പോൾ നടത്തിയ കോവിഡ് -19 പരിശോധന നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നതുവരെ ആരോഗ്യ മന്ത്രാലയത്തിന്റെ സെൽഫ് ഐസൊലേഷൻ ചട്ടങ്ങൾ പാലിക്കുമെന്ന് പ്രഖ്യാപനത്തിൽ ഒപ്പിടണം.
- 10 ദിവസത്തിൽ കൂടുതൽ കാലം താമസിക്കുന്ന രാജ്യത്തെ പൗരന്മാരും താമസക്കാരും യാത്രക്കാരും അവർ എത്തിച്ചേർന്നതിന്റെ പത്താം ദിവസം വീണ്ടും പരിശോധന നടത്തണം.
- പരിശോധന ഫലം പോസിറ്റീവ് ആയ യാത്രക്കാരെ ആരോഗ്യ മന്ത്രാലയം അധികൃതർ വിവരങ്ങൾ അറിയിക്കും.
- എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ അവലോകനം ചെയ്യുകയും ഭേദഗതി ചെയ്യുകയും ചെയ്യും.