കൊച്ചി: ആലുവ ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ ഇന്നലെ രാത്രിയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇവരുടെ ആക്രമണത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം സുലൈമാനുൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ചുറ്റികകൊണ്ടുള്ള അടിയും വെട്ടുമേറ്റ സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയായ സുലൈമാന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കുളള സിറാജ്, സനീർ, ഫൈസൽ എന്നിവരും ഗൂഢാലോചനയിൽ പങ്കുളള കബിറുമാണ് പൊലീസ് കസ്റ്റഡിയിലുളളത്.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സിറാജിനെ കാക്കനാട് നിന്നും സനീറിനെ അരൂർ നിന്നും ഫൈസൽ ബാബുവിനെ തൃശൂർ നിന്നുമാണ് പിടികൂടിയത്. ഇവർ ജില്ലയ്ക്ക് പുറത്തുള്ള ഗുണ്ടാസംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യംചെയ്യൽ തുടരുകയാണ്. ചോദ്യംചെയ്യൽ പൂർത്തിയായശേഷമായിരിക്കുന്ന അറസ്റ്റ് രേഖപ്പെടുത്തുക.കാറുകൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ പ്രശ്നത്തിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കുറച്ചുനാളുകളായി തർക്കം തുടരുന്നുണ്ടായിരുന്നു.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് നിറുത്തി ഒരാൾ ഇറങ്ങിവരുന്നതും മുന്നോട്ടുപോയ കാർതിരികെ വരുന്നതും അതിൽ നിന്ന് വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി അക്രമികൾ ചാടിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിടിയിലായവരെ ചോദ്യംചെയ്യുന്നതിനൊപ്പം അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ക്വട്ടേഷൻ സംഘത്തെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.