വടകര: ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
എടച്ചേരി സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് സിറിഞ്ച് ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രൺദീപിനെയും അക്ഷയ്യേയും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാക്കൾക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ ചെറിയ തുരുത്തി സ്വദേശി ശ്രീരാഗിനെ ആശുപത്രിയിലേക്ക് മാറ്റി.രൺദീപിനെതിരെ നേരത്തെ ഒരു കേസുണ്ടായിരുന്നു.