കോട്ടയം: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മരണത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്.
ഇവരുടെ മൃതദേഹങ്ങളിൽ വരഞ്ഞ രീതിയിൽ മുറിവുകളുണ്ടായിരുന്നെന്ന് മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം പറഞ്ഞു. സുഹൃത്ത് വിളിച്ച് പറഞ്ഞതോടെയാണ് കാര്യം അറിയുന്നത്. മരിച്ച വ്യക്തിയെ അത്ര പരിചയമില്ലെങ്കിലും കുടുംബവുമായി നല്ല അടുപ്പത്തിലാണ്. ശരീരമാകെ വരഞ്ഞിരിക്കുകയാണ്. പുനർജനിയുടെ ഭാഗമായിട്ട് വരഞ്ഞതാണെന്നാണ് നിലവിൽ അറിഞ്ഞിരിക്കുന്നത്. അങ്ങിനെ രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്. എത്ര ദിവസമായി മരിച്ചിട്ടെന്ന് ഒരു അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച നവീനും ഭാര്യ ദേവിയും പുനർജനിയിലെ അംഗങ്ങളായിരുന്നുവെന്ന് അയൽവാസി ഐപ്പും മാധ്യമങ്ങളോട് പറഞ്ഞു. പുനർജനി എന്നൊരു സംഘടനയുണ്ട്. ‘അത് ഒരു സാത്താൻസേവയോ അങ്ങിനെ ഏതാണ്ടാണ്. അതിലെ അംഗങ്ങളാണ് ഇവർ. ആ സംഘടന വഴിയാണ് ഇവർ അരുണാചലിൽ പോയിരിക്കുന്നത്. ഇവരുടെ കൂടെ ഭാര്യയുടെ കൂട്ടുകാരിയുമുണ്ട്. ആ ഒരു സംഘടനയിൽ പോയിട്ട് ഇവരുടെ മനസ്സ് മാറുകയോ എന്തോ സംഭവിച്ചിട്ടുണ്ട്. 13 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്’, ഐപ്പ് പറഞ്ഞു.
ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് അരുണാചൽ പോലീസ് നൽകുന്ന വിവരം. ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
കോട്ടയം മീനടം സ്വദേശി നവീൻ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യ ബി.നായർ(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. നവീൻ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്നും അരുണാചൽ പോലീസിലെ ഉദ്യോഗസ്ഥൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആര്യ ബി. നായർ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. കോട്ടയം സ്വദേശികളായ ദമ്പതിമാർ ആയുർവേദ ഡോക്ടർമാരാണ്. ഇവർ തിരുവനന്തപുരത്താണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. മാർച്ച് 17-നാണ് ഇരുവരും അവസാനമായി മീനടത്തെ വീട്ടിലെത്തിയതെന്നാണ് വിവരം. ദമ്പതിമാരും അധ്യാപികയും പ്രത്യേക കൂട്ടായ്മ വഴിയാണ് പരിചയപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്. മാർച്ച് 26-നാണ് മൂവരും കേരളത്തിൽനിന്ന് പോയത്. തുടർന്ന് 27-ാം തീയതി മകളെ കാണാനില്ലെന്ന് ആര്യയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് മൂവരും അരുണാചലിൽ എത്തിയതായി വിവരം ലഭിച്ചത്. മാർച്ച് 28-നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് അരുണാചലിൽനിന്നുള്ള വിവരം.