തിരുവനന്തപുരം : ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ ഹൈവെ പട്രോളിംഗ് യൂണിറ്റിലെ സീനിയർ സിവിൽ വനിതാ പോലീസ് ഓഫീസറെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കോവളം പോലീസ് അറസ്റ്റു ചെയ്തു . വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാർ വിളാകം വീട്ടിൽ സുവി (22) പനങ്ങോട് തുമ്പിളിയോട് നൗഫിയാ മൻസിലിൽ ഇസ്മയിൽ (22) എന്നിവരാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 8 ന് കല്ലുവെട്ടാൻ കുഴി എസ്.എഫ്.എസ് സ്കൂളിന് സമീപം വെച്ചാണ് സംഭവം നടന്നത്. സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ആട്ടോറിക്ഷയിലെത്തിയ പ്രതികൾ ഇവരുടെ വാഹനത്തെ ചവിട്ടി തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ടു നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ സീനിയർ സിവിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് കോവളം സി.ഐ.പി അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമായ എസ്.ഐ അനീഷ്കുമാർ , സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു , ബിജേഷ്, ഷൈജു , എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ വാഹത്തിന് സൈഡ് നൽകാത്തതാണ് ആക്രമണ കാരണമെന്നാണ് പോലീസ് പറയുന്നത്.