തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
കലോത്സവങ്ങളും അക്രമ വേദികളാക്കി മാറ്റുന്നത് എസ്എഫ്ഐയാണെന്നും കലോത്സവം താത്കാലികമായി നിർത്തിയത് സ്വാഗതാർഹമാണെന്നും എബിവിപി പ്രതികരിച്ചു. കേരളത്തിലെ എസ്എഫ്ഐ ആധിപത്യമുള്ള എല്ലാ ക്യാമ്പസുകളിലും കലോത്സവവേദികളിലും അക്രമത്തിന്റെയും ലഹരിയുടെയും കേന്ദ്രങ്ങളായി മാറുകയാണ്. ഒരു വിദ്യാർത്ഥി പ്രസ്ഥാനം എന്നുള്ള നിലയ്ക്ക് ക്യാമ്പസുകളിൽ അക്രമണം അഴിച്ചു വിട്ടുകൊണ്ട് മറ്റൊരു വിദ്യാർത്ഥി സംഘടനയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പോലും അനുവദിക്കാതെ ശാരീരികമായും മാനസികമായും വിദ്യാർത്ഥികളെ ഉപദ്രവിച്ചുകൊണ്ട് അക്രമപരമയാണ് എസ്എഫ്ഐ കലോത്സവ വെടികളും ക്യാമ്പസുകളും നിലനിർത്തി കൊണ്ടുപോകുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വളർച്ചയ്ക്കായി നടക്കുന്ന കലോത്സവ വേദികൾ പോലും ഇത്തരത്തിൽ എസ്എഫ്ഐ അവരുടെ അക്രമണം അഴിച്ചുവിടാൻ ഉള്ള വേദിയാക്കി മാറ്റുകയാണ് എന്ന് എബിവിപി സംസ്ഥാന ജോയൻ്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതിനിടെ, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.