കാസർഗോഡ് : കാസര്‍ഗോഡ് സ്ഥാപിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും, വുമണ്‍ & ചില്‍ഡ്രന്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, എമര്‍ജന്‍സി ഷോട്ട് സ്റ്റേ ഹോം, വൈദ്യസഹായം, കൗണ്‍സിലിംഗ്, പോലീസിന്റെ സഹായം, നിയമസഹായം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില് നല്‍കുന്നതിനായി ഒരുക്കിയ സംവിധാനമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘സഖി’ വണ്‍ സ്റ്റോപ്പ് സെന്റര്‍. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വനിത ശിശു വികസന വകുപ്പിലെ സ്റ്റേറ്റ് നിര്ഭയസെല് നോഡല്‍ ഏജന്‍സിയായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ടാക്സ് ഫോഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കീം നടപ്പിലാക്കുന്നത്.
കാസര്‍ഗോഡ് അണങ്കൂരിലെ 25 സെന്റ് സ്ഥലത്താണ് വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സ്ഥിര കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളായി സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമുള്ള മൂന്നു സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉതകുന്ന വിമന്‍സ് കോംപ്ലക്സ് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.