മനാമ: ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്റൈനിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ സമാപിച്ചു. ഫെബ്രുവരി എട്ടു മുതൽ 27 വരെ 20 ദിവസങ്ങളിലായി നടന്ന ഫുഡ്ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2,27,000 പേരാണ് ഇത്തവണ ഫെസ്റ്റിവൽ സന്ദർശിച്ചതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർദ്ധനവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വർഷം 1,68,000 പേരായിരുന്നു സന്ദർശകരായെത്തിയത്.
അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 121 റെസ്റ്റോറന്റുകളും കഫേകളും വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുത്തു. ഫെസ്റ്റിവലിൻ്റെ ആകർഷണങ്ങളുടെ ഭാഗമായി, പ്രൊഫഷണൽ ഷെഫുകളും ഫുഡ് ബ്ലോഗർമാരും അടങ്ങുന്ന മൂന്ന് ജഡ്ജിമാരുടെ പാനലിന് മുന്നിൽ 14 റൗണ്ടുകളിലായി 16 പേർ പങ്കെടുത്ത ഒരു പാചക ചലഞ്ചും സംഘടിപ്പിച്ചു.
കലാ-സംഗീത പ്രകടനങ്ങൾ, നാടൻ കലാ സംഘങ്ങളുടെ കലാപരിപാടികൾ, റോവിംഗ് ആർട്ടിസ്റ്റിക് ഗ്രൂപ്പുകൾ, ബഹ്റൈനിൽ നിന്നുള്ള ഒരു കൂട്ടം സീനിയർ ഷെഫുകൾ അവതരിപ്പിച്ച വിവിധ തത്സമയ പാചക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി അവതരിപ്പിച്ചു.
കണക്കുകൾ ഫുഡ്ഫെസ്റ്റിവലിന്റെ ജനപ്രീതിയാണ് കാണിക്കുന്നതെന്നും ഫെസ്റ്റ് വൻവിജയമാണെന്നും ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ സാറ ബുഹിജി പറഞ്ഞു. പരിപാടി സംഘടിപ്പിച്ചതിൽ സംഘാടകരുടെ അശ്രാന്ത പരിശ്രമത്തെ അനുമോദിക്കുന്നതായും പ്രേക്ഷകപിന്തുണയുടെ ഭാഗമായി ഫെസ്റ്റ് മൂന്നു ദിവസംകൂടി നീട്ടേണ്ടിവന്നതായും സി.ഇ.ഒ പറഞ്ഞു.