മനാമ: ഫോർമുല വൺ ഗ്രാൻഡ്പ്രീ മത്സരങ്ങളുടെ മുന്നോടിയായി വാഹനഗതാഗതം സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ അറിയിച്ചു. ആഭ്യന്തരമന്ത്രി കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. ഫോർമുല വൺ മത്സരങ്ങൾ ആസ്വദിക്കുന്നതിനായി ഇന്റർനാഷനൽ സർക്യൂട്ടിലേക്കുള്ള പാതകളിൽ പരമാവധി ഗതാഗതക്കുരുക്ക് കുറക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ട്രാഫിക് വിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിക്കാനും ഗതാഗതക്കുരുക്ക് പരമാവധി കുറക്കാനും വാഹനമുപയോഗിക്കുന്ന എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്യൂട്ടിലേക്കുള്ള എൻട്രിയും എക്സിറ്റും നിർദേശിക്കപ്പെട്ട രൂപത്തിലാക്കാനും ചുറ്റുവട്ടത്തുള്ള റോഡുകളിൽ അപകടങ്ങളുണ്ടായാൽ നടപടി സ്വീകരിക്കാനും ഗതാഗതക്കുരുക്ക് വരാതെ സൂക്ഷിക്കാനും ഏർപ്പാടുകൾ ചെയ്തിട്ടുമുണ്ട്. സുപ്രധാന നിരത്തുകളിൽ കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ടെന്നും റേസ് നടക്കുന്ന ദിവസങ്ങളിൽ കനത്ത ട്രാഫിക് വിന്യാസം ഉണ്ടാകുമെന്നും ഡയറക്ടർ ജനറൽ അറിയിച്ചു.