
വയനാട്: കുറിച്ചിപ്പറ്റയില് പട്ടാപ്പകൽ ആളുകള്‍ നോക്കി നില്‍ക്കെ കടുവയിറങ്ങി പശുക്കളെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പശു ചത്തു. മറ്റൊരു പശുവിന് ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കിളിയാങ്കട്ടയില്‍ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. ശശിയും സമീപവാസികളും വനത്തോട് ചേർന്നുള്ള വയലില്‍ പശുക്കളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മൂന്നു പശുക്കളെ മേയ്ക്കുന്നതിനാണ് ശശി വയലിലെത്തിയത്. ഈ സമയം സമീപവാസികളും പശുക്കളുമായി ഇവിടെയുണ്ടായിരുന്നു. കാട്ടില്‍ നിന്നെത്തിയ കടുവ വയലില്‍ മേയുകയായിരുന്ന പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആദ്യം പിടികൂടിയ പശു രക്ഷപെട്ടതോടെ രണ്ടാമത്തെ പശുവിനെ ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം വച്ചതോടെയാണ് പശുക്കളെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് തിരിച്ചുപോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി കടുവയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ കൂടുവച്ചോ, മയക്കുവെടിവച്ചോ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


