തിരുനവന്തപുരം: ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ താപനിലയെക്കാൾ 2 മുതൽ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. മാർച്ച് 31ന് അകം പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്കു 12 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 17 ലക്ഷം രൂപയും ചെലവഴിക്കാം. അതിനുശേഷം മേയ് 31വരെ യഥാക്രമം 12 ലക്ഷവും 17 ലക്ഷവും 22 ലക്ഷവും ചെലവഴിക്കാൻ അനുമതിയുണ്ട്.