ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചു. ട്രാക്ടറുകളിലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. മാര്‍ച്ച് തടയാനായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഒന്നിലേറെ വരികളായാണ് കോൺക്രീറ്റിന്റെ ഉൾപ്പെടെ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതോടെ ഗുരുഗ്രാം, സിംഘു, ഗാസിപ്പുര്‍ തുടങ്ങിയ അതിര്‍ത്തികളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്
പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന് പുറമെ സായുധസേനയും കര്‍ഷക പ്രക്ഷോഭം നേരിടാന്‍ രംഗത്തുണ്ട്. ഒരാളെ പോലും ഡല്‍ഹിയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പഴുതടച്ച സംവിധാനങ്ങളാണ് മാര്‍ച്ചിനെ നേരിടാനായി ഒരുക്കിയതെന്ന് ഡല്‍ഹി ഈസ്റ്റേണ്‍ റേഞ്ച് അഡീഷണല്‍ സി.പി. സാഗര്‍ സിങ് പറഞ്ഞു.200-ലേറെ കര്‍ഷക സംഘടനകളാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധം ഒഴിവാക്കാനായി സര്‍ക്കാര്‍ നടത്തിയ അവസാനവട്ട ചര്‍ച്ചകളും കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് കര്‍ഷക നേതാവ് സര്വാന് സിങ് പന്ധര് പറഞ്ഞു. പഞ്ചാബിലേയും ഹരിയാണയിലേയും ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.