മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) അദ്ലിയയിലുള്ള സെഞ്ച്വറി ഹോട്ടലിൽ വച്ച് വാർഷിക ജനറൽ മീറ്റിങ് സംഘടിപ്പിച്ചു. നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ പാക്ടിനെ ബഹ്റിനിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ നിർത്താൻ എല്ലാ വിധത്തിലുള്ള പ്രവർത്തങ്ങളും ആസൂത്രണം ചെയ്യുമെന്ന് പ്രസിഡന്റുമാരായ അശോക് കുമാറും സജിത സതീഷും സദസ്സ്സിനു വാഗ്ദാനം ചെയ്തു. കലാ പരിപാടികൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും തുല്യ പ്രധാനം നൽകികൊണ്ടുള്ള പരിപാടികൾ ഈ വർഷവും ഉണ്ടാകുമെന്നു അവർ ഊന്നിപ്പറഞ്ഞു.
ജനറൽ സെക്രട്ടറി സതീഷ്കുമാറും വനിതാവിഭാഗം സെക്രട്ടറി ഉഷ സുരേഷും കഴിഞ്ഞ വർഷത്തെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് കോഓർഡിനേറ്റർ ജ്യോതികുമാർ മേനോൻ, അംഗങ്ങളോടുള്ള കടപ്പാടും പ്രതിബദ്ധതയും സ്നേഹവും അറിയിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഇതേ സഹകരണം ഉണ്ടാവണം എന്ന് ഓർമിപ്പിക്കുകയും ചെയ്തു.
തുടർന്ന്, പാക്ട് അടുത്തുതന്നെ നടത്താൻ ഉദ്ദേശിക്കുന്ന ഡാൻസ് ഡ്രാമ “മായിക” യുടെ ആദ്യ ഫ്ലയർ മായികയുടെ സംവിധായകൻ ശ്യാം രാമചന്ദ്രനും സ്ക്രിപ്റ്റ് റൈറ്റർ പ്രീതി ശ്രീകുമാറും, ചേർന്ന് പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാന്നിധ്യത്തിൽ സദസ്സിനു മുന്നിൽ പ്രകാശനം ചെയ്തു.