കാസര്‍കോട്: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദേശ തൊഴിലിനുമായി വ്യാജരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം ഫാത്തിമ മന്‍സിലില്‍ കെ.വി.മുഹമ്മദ് സഫ്വാന് (25), തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുതിയകണ്ടം വീട്ടില്‍ എം.എ.അഹമ്മദ് അബ്റാര്‍ (26), മാതൃസഹോദരീ പുത്രന് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ എം.എ.സാബിത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ബന്തടുക്ക കണ്ണാടിത്തോട്ടില്‍ സംസ്ഥാനപാതയില്‍ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് 37 വ്യാജ സീലുകളും രണ്ട് സീല്‍പാഡുകളും രേഖകളുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ദക്ഷിണ കൊറിയയിലേക്കുള്ള വിസയുടെ ആവശ്യത്തിനായി തയ്യാറാക്കിയ രേഖകളാണ് കൈയിലുള്ളതെന്ന് മൂവരും മൊഴി നല്കി.
കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരുമ്പോഴാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച ബാഗുകളിലൊന്നിലാണ് വിവിധ സ്ഥാപനങ്ങളുടെ സീലുകളും മറ്റു രേഖകളുമുണ്ടായിരുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആലുവ, സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃക്കരിപ്പൂര്‍, ഫെഡറല്‍ ബാങ്ക് അങ്കമാലി, കനറാ ബാങ്ക് എന്നിവയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡോക്ടര്‍മാരുടെയും സീലുകളാണുണ്ടായിരുന്നത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍മാരുമായി ബന്ധപ്പെട്ട് സീലുകള്‍ നിര്‍മിക്കുന്നതിന് ആരെയെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.
അഹമ്മദ് അബ്റാറിന്റെ ബാഗില്‍ ലാപ്ടോപ്പ കവറിനുള്ളിലാക്കിയാണ് സീലുകള്‍ സൂക്ഷിച്ചിരുന്നത്. അതില്‍ മൂന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ബെംഗളൂരു സ്പെഷ്യാലിറ്റി സെന്ററിന്റെ ലെറ്റര്‍ ഹെഡില്‍ എംപ്ലോയ്മെന്റ് കണ്ഫര്മേഷന് സര്‍ട്ടിഫിക്കറ്റ്, എം.ഇ.എസ്. കോളേജിന്റെ എന്‍.ഒ.സി.കള്‍, എം.ഇ.എസ്. കോളേജിന്റെ ലെറ്റര്‍ഹെഡില്‍ ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, മറ്റ് സ്ഥാപനങ്ങളുടെ സീലുകള്‍ പതിച്ച് പച്ചമഷിയില്‍ ഒപ്പുവെച്ച കടലാസ്, വിസ ഓഫീസര്‍ക്കുള്ള കത്ത് എന്നിവയും കണ്ടെടുത്തു. കാസര്‍കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു
വ്യാജരേഖ നിര്‍മിച്ച് മറ്റെന്തെങ്കിലും തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടോ എന്നും കൈവശമുള്ള പാസ്പോര്ട്ടുകള് യഥാര്‍ഥമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ അഞ്ചുപേരെ വിദേശത്തേക്കയച്ചുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ സീലുകളിലൊന്ന് കാഞ്ഞങ്ങാട്ടെ ഡോക്ടറുടെതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. മൂവരെയും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സീലുണ്ടാക്കിയ സ്ഥാപനങ്ങളിലുള്പ്പെടെയെത്തിച്ച് തെളിവെടുക്കും.