തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനത്തെ വിമർശിച്ചതിനുപിന്നാലെ കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്ന് റിയാസ് പറഞ്ഞു. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും റിയാസ് വിമർശിച്ചു. ആകാശത്ത് റോഡ് നിർമ്മിച്ചിട്ട് താഴെ കൊണ്ടുപോയി ഫിറ്റ് ചെയ്യാൻ പറ്റില്ല. റോട്ടിൽ തന്നെ നടത്തണം. എല്ലാം ഒരുമിച്ചു നടത്താതെ ചിലത് മാത്രം നടത്തി ചിലത് നടത്താതെ പോയാൽ, അപ്പോൾ വരുന്ന ചർച്ച എന്തുകൊണ്ട് നടത്തുന്നില്ല, നടന്നു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും എന്നാണ്. ഇപ്പോൾ എല്ലാവരും ചേർന്ന് പ്രവൃത്തി നടത്തുന്നു. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉന്നയിക്കുന്നു. കാരാറുകാരനെ പിരിച്ചുവിട്ടതിൽ ചിലർക്ക് പൊള്ളിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ പ്രയാസങ്ങൾ ഉണ്ട്, റിയാസ് പറഞ്ഞു.
വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസനപദ്ധതികളുടെ പേരിൽ വർഷങ്ങളായി തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചിരുന്നു. ചില പദ്ധതികൾ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.