കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സി.എം.ആര്.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജ്. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. ചെയ്യാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങി എന്ന ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്.ഒ.സി) മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം ഉത്തരവിട്ടത്. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഉത്തരവ്.
ഇതിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. കമ്പനി നിയമത്തിലെ 210-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനാണ് നിലവില്‍ ആര്.ഒ.സി. ഉത്തരവിട്ടത്. എന്നാല്‍ ഈ വകുപ്പ് പ്രകാരമുള്ളത് കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന, ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നാണ് ഷോണിന്റെ ആരോപണം.
ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണമാണ് വേണ്ടതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഷോണിന്റെ ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിച്ചാല്‍ ഇ.ഡി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കും അന്വേഷണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു.