പാലക്കാട് ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ളതായി മന്ത്രി എ. കെ ബാലന്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍ ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു. പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 18 മുതല്‍ നടത്തിയ 10597 ആന്റിജന്‍ ടെസ്റ്റുകളില്‍ 547 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുതുതലയില്‍ നടത്തിയ 348 ടെസ്റ്റുകളില്‍ 69 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. സമാന പ്രവണതയാണ് പുതുനഗരം പഞ്ചായത്തിലും ഉണ്ടായത്. കൂടാതെ, കോങ്ങാട് മേഖലയില്‍ നടത്തിയ 1109 ടെസ്റ്റുകളില്‍ 63 രോഗബാധിതരെയാണ് കണ്ടെത്തിയത്. നിലവില്‍ ഇവിടെ കണ്ടെയ്ന്മേന്റ് സോണായി തുടരുകയാണ്. പട്ടാമ്പിയില്‍ ഉണ്ടായ രോഗവ്യാപന പ്രതിഭാസം ജില്ലയില്‍ വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.