മനാമ: ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. നിയമ ലംഘനം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കഴിഞ്ഞ വർഷം 47,023 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. മുൻ വർഷങ്ങളേക്കാൾ 72.17 ശതമാനത്തിലധികം പരിശോധനകൾ നടത്താൻ കഴിഞ്ഞ വർഷം സാധിച്ചു. സ്ഥാപനങ്ങളിൽ 94.7 ശതമാനവും തൊഴിൽ, വിസ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണ്. പരിശോധനകളുടെ വർധനവാണ് സ്ഥാപനങ്ങളെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
രാജ്യത്ത് 5,477 പേർ നാടുകടത്തലിലേക്ക് നയിച്ച നിയമനടപടികളിലൂടെ കടന്നുപോയി. നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിൻറെ എണ്ണത്തിൽ 202.8 ശതമാനം വർധനവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതെന്ന് എൽ.എം.ആർ.എ സിഇഒ നിബ്രാസ് താലിബ് വ്യക്തമാക്കി. നിയമങ്ങളുടെ പാലനം, ഉൽപാദനക്ഷമത, സാമ്പത്തിക വികസനം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ ഊന്നൽ നൽകിയത്. നിയമ ലംഘകരായ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.
പരിശോധനകൾ വിജയിപ്പിക്കുന്നതിന് സഹകരിച്ച നാഷണാലിറ്റി, പാസ്പോർട്ട് ആൻറ് റെസിഡൻറ്സ് അഫയേഴ്സ്, തൊഴിൽ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ്, കാപിറ്റൽ സെക്രേട്ടറിയറ്റ് കൗൺസിൽ, വിവിധ മുനിസിപ്പാലിറ്റികൾ, ഗവർണറേറ്റുകൾ, പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവക്കെല്ലാം അദ്ദേഹം നന്ദി അറിയിച്ചു.