മനാമ: ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ 1,174 പരിശോധനാ കാമ്പെയ്നുകളും സന്ദർശനങ്ങളും നടത്തി. നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 1,159 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 15 സംയുക്ത പരിശോധന കാമ്പെയ്നുകളും നടന്നു.
പരിശോധനാ കാമ്പെയ്നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു.
ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (NPRA), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, സെന്റൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വ്യവസായ-വാണിജ്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പെയ്നുകളിൽ പങ്കെടുത്തു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ തുടുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.