കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയെന്നും ഇതില്‍ ചില കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് യോജിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന വ്യാഖ്യാനമാണു സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്നും സതീശൻ വ്യക്തമാക്കി.
‘‘കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇക്കാര്യം രണ്ടു ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ചില കാര്യങ്ങളില്‍ പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തിയിട്ടുമുണ്ട്.
കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവാണ് സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്ര അവഗണന. ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. ജിഎസ്ടിക്ക് അനുസൃതമായി നികുതി സംവിധാനം പുനഃസംഘടിപ്പിക്കാത്തതും നികുതി പിരിവിലെ പരാജയവും ഐജിഎസ്ടി പൂളില്‍ നിന്നുള്ള വിഹിതം നഷ്ടപ്പെടുത്തുന്നതും ധനപ്രതിസന്ധിക്ക് കാരണമാണ്.
ഇതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. സമരം എന്നത് രാഷ്ട്രീയ ആവശ്യമാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കും’’– അദ്ദേഹം പറഞ്ഞു.