തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വിളിച്ച യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 10നാണ് യോഗം. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ചു തുടരുന്ന സാഹചര്യം സംബന്ധിച്ചാണ് പ്രതിപക്ഷവുമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. കടമെടുപ്പു പരിധി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്രം പുറത്തിറക്കിയ 2 ഉത്തരവുകൾക്കെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ, പെൻഷൻ വിതരണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും കടമെടുപ്പു പരിധിയിൽ ഇളവനുവദിക്കാൻ കോടതി ഇടപെടണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ നോട്ടിസയച്ച കോടതി, 25ന് ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.