
നടി നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.


