കോഴിക്കോട്: കേന്ദ്ര സബ്സിഡി കിട്ടുന്നതിലെ കാലതാമസവും സാങ്കേതിക പ്രശ്നവും കാരണം കനറാ ബാങ്ക് സ്വർണപ്പണയ കാർഷിക വായ്പാ സബ്സിഡി പൂർണമായി നിർത്തി. വൻ തുക വായ്പയെടുത്തവർ ഇതോടെ വെട്ടിലായി. വായ്പ പുനഃസ്ഥാപിക്കണമെങ്കിൽ ഇനി 8.45 ശതമാനം പലിശ നൽകണം. കാർഷിക ആവശ്യങ്ങൾക്ക് സ്വർണത്തിന്റെ ഈടിൽ വായ്പ നൽകുന്ന പദ്ധതി നേരത്തേ നിർത്തലാക്കിയെങ്കിലും രണ്ടുവർഷം മുമ്പ് പുനരാരംഭിച്ചു. ഭൂമിയുടെ രേഖയായി സ്ഥലത്തിന്റെ കരമടച്ച രസീതുമാത്രമാണ് നൽകേണ്ടത്. നേരത്തെ ഭൂമിക്ക് പരിധി നിശ്ചയിച്ചിരുന്നില്ല. പദ്ധതി പുനരാരംഭിച്ചപ്പോൾ 50 സെന്റിൽ കുറയാത്ത ഭൂമിയുടെ കരമടച്ച രസീത് ഈടായി നൽകണമെന്ന വ്യവസ്ഥ വന്നു. ഭൂവിസ്തൃതിക്കനുസരിച്ചാണ് വായ്പ അനുവദിച്ചത്. പരമാവധി മൂന്നുലക്ഷം വരെയാണ് വായ്പ. നാലുശതമാനമാണ് കേന്ദ്ര സബ്സിഡി. സബ്സിഡി ബാങ്ക് മുൻകൂട്ടി നൽകും. സാമ്പത്തിക വർഷാവസാനം ഒന്നിച്ചാണ് കേന്ദ്രം സബ്സിഡി നൽകുക. ഇത് മുടങ്ങിയതോടെയാണ് ബാങ്ക് പദ്ധതി പിൻവലിച്ചത്.
ഗുണഭോക്താവിന്റെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നേരിട്ട് നൽകുമെന്നാണ് കേന്ദ്ര നിലപാട്. വായ്പ എടുത്തവർക്ക് മറ്റു ബാങ്കുകളിൽ ആധാർ ലിങ്ക് ചെയ്ത അക്കൗണ്ട് ഉണ്ടെങ്കിൽ സബ്സിഡി അതിലേക്ക് പോകാം. ഇതുവഴി ബാങ്കിന് നഷ്ടം വരുമെന്നാണ് പദ്ധതിയിൽനിന്ന് പിൻവാങ്ങാൻ കാരണമായി അധികൃതർ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ നൽകുന്നത് കനറാ ബാങ്കാണ്. കഴിഞ്ഞ സമ്പത്തിക വർഷം രണ്ടുലക്ഷം കോടി രൂപയാണ് നൽകിയത്. കേരളത്തിലെ എസ്ബിഐ ഉൾപ്പെടെ മറ്റു പല ദേശസാൽകൃത ബാങ്കുകളും കേരള ഗ്രാമീൺ ബാങ്കും കേരള ബാങ്കും സഹകരണ ബാങ്കുകളും കാർഷിക വായ്പ നൽകുന്നുണ്ട്.