കൊരട്ടി: വിദ്യാർത്ഥികൾക്ക് മുന്നിൽ കുഴഞ്ഞു വീണു അദ്ധ്യാപികയുടെ മറണം. കൂട്ടക്കരച്ചിലുമായി വിദ്യാർത്ഥികളും. തൃശ്ശൂർ ജില്ലയിലെ കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ അദ്ധ്യാപികയായ രമ്യ (41)യാണ് കുഴഞ്ഞു വീണു മരിച്ചത്. വിദ്യാർത്ഥികളുടെ വിടപറയൽ വേളയിൽ അവസാന ഉപദേശം നൽകുന്നതിനിടെയാണ് അദ്ധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ സ്കൂളിലെ ഹയർ സെക്കൻഡറി ബാച്ചിന്റെ യാത്രയയപ്പ് വേളയിൽ സംസാരിച്ച് തുടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. പഠനാവധിയിലേക്ക് അടക്കം കടക്കുന്ന അവസരത്തിലാണ് അദ്ധ്യാപിക തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് സംസാരിച്ചത്. എന്നാൽ, അത് തങ്ങളുടെ അദ്ധ്യാപികയുടെ അവസാന വാക്കുകളാകുമെന്ന് വിദ്യാർത്ഥികളും കരുതിയില്ല.
യാത്രയയപ്പ് വേളയിൽ വേദിയിൽ കയറി മൈക്രോഫോൺ കൈയിലെടുത്ത അദ്ധ്യാപികക്ക് ‘എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട്’ എന്ന് മാത്രമേ പറയാനായുള്ളു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അദ്ധ്യാപിക കുഴഞ്ഞു വീണത് കണ്ട് വിദ്യാർത്ഥികളും കൂട്ടത്തോടെ നിലവിളിച്ചു. ആദ്യം സാധാരണ തലകറക്കാമെന്നാണ് പലരും കരുതിയത്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയുടെ വേർപിരിയലാകുമെന്ന് വിദ്യാർത്ഥികൾ ആരും കരുതിയതുമില്ല. കുഴഞ്ഞു വീണ ഉടനെ തന്നെ സഹ അദ്ധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് രമ്യയെ സമീപത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. കൊരട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബിന്റെ ഭാര്യയാണ് രമ്യ. മക്കൾ: നേഹ, നോറ. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കൊരട്ടി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് സെന്റ് ഗർവാസിസ് പ്രൊർത്താസിസ് ചർച്ച് സെമിത്തേരിയിൽ. തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയുടെ ആക്സമിക മരണത്തിന്റെ ഞെട്ടലിലാണ് വിദ്യാർത്ഥികൾ.