മനാമ: 91-മത് ശിവഗിരി തീർത്ഥാടന സമാപനവും ആലുവ അദ്വൈതാശ്രമത്തിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി ബഹറിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ നടന്ന മതസൗഹാർദ്ദ സമ്മേളനം വളരെ ശ്രദ്ധേയമായി. ശ്രീനാരായണ ഗുരുദേവന്റെ ഏകലോക സിദ്ധാന്തത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതിന്റെയും പല മതസാരവും ഏകമെന്ന ഗുരുവരുളിന്റെ നേർസാക്ഷ്യവുമായി എസ്.എൻ.സി.എസ് -ൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ അന്തസത്ത.
ചെയർമാൻ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ, നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തിയത് റവ: ഫാദർ ജോർജ് സണ്ണി (സെന്റ് ഗ്രിഗോറിയസ് ചർച്ച് വികാരി), ഷംസുദ്ദീൻ വെള്ളികുളങ്ങര (KMCC ബഹ്റൈൻ വൈസ് പ്രസിഡന്റ്), അന്തരംഗ ചൈതന്യദാസ് പ്രഭു (ISKCON), അജിത പ്രകാശ് (SNCS) എന്നിവരാണ്. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗത പ്രസംഗം നടത്തിയ സമ്മേളനത്തിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വൈസർ ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.
എസ്.എൻ.സി.എസ്-ന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനം കഴിഞ്ഞ് ബഹ്റൈനിൽ തിരിച്ചെത്തിയ സംഘത്തിന് നൽകിയ സ്വീകരണത്തിന്റെ ഭാഗമായി ചെയർമാൻ സുനീഷ് സുശീലനേയും ജനറൽ സെക്രട്ടറി വി. ആർ. സജീവനെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ്. എൻ. സി. എസിൽ നിന്നും 25-ഓളം അംഗങ്ങൾ നേരിട്ടും നിരവധി മുൻ പ്രവാസികളായ എസ്.എൻ.സി.എസ്സ് – ജി.എസ്.എസ്സ് അംഗങ്ങൾ ശിവഗിരിയിൽ എത്തിച്ചേർന്നും നടത്തിയ തീർത്ഥാടന പദയാത്രയും, 31-)0 തീയതി രാവിലെ മുതൽ നടന്ന ചരിത്രപ്രസിദ്ധമായ ശിവഗിരി തീർത്ഥാടന ഘോഷയാത്രയും ബഹ്റൈൻ ശ്രീനാരായണ സമൂഹത്തിന്റെ പ്രാധാന്യം ലോകത്തിനു മുമ്പിൽ സാക്ഷ്യപ്പെടുത്തി.
ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് ശിവഗിരി കൺവെൻഷൻ സെന്ററിന് സമീപത്തുള്ള ഗുരുകുലത്തിൽ നിന്നും ബ്രഹ്മശ്രീ വീരേശ്വരാനന്ദ സ്വാമികൾ ഉദ്ഘാടനം നിർവഹിച്ച പദയാത്രയിൽ ബഹറിൻ ശ്രീനാരായണ സമൂഹം എന്ന് ആലേഖനം ചെയ്ത ബാനറിന് കീഴിൽ വരിവരിയായി പദസഞ്ചയനം നടത്തിയ ബഹറിൻ ശ്രീനാരായണീയർക്ക് മുൻപിലായി ശ്രീനാരായണ ഗുരുദേവന്റെ പൂർണകായ പ്രതിമ ആലേഖനം ചെയ്ത, ബഹുവർണ്ണ വൈദ്യുത ദീപങ്ങളാൽ പ്രശോഭിതമായി. അനൗൺസ്മെന്റ് വാഹനത്തിന് പിന്നിലായി മന്ദമന്ദം നീങ്ങിയ ഗുരുദേവ-അരയന്ന-രഥം സർവ്വരുടെയും ആകർഷണ കേന്ദ്രമായി! ശിവഗിരി സമാധി മണ്ഡപത്തിൽ എത്തിച്ചേർന്ന പദയാത്ര സംഘത്തിനെ സ്വീകരിച്ച സന്യാസി ശ്രേഷ്ഠരും തീർത്ഥാടന കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഗുരുദേവമുദ്ര ജാഥാ ക്യാപ്റ്റനായ ചെയർമാനെ അണിയിക്കുകയും, ഗുരു വചനങ്ങളും സമാധി മണ്ഡപ ഛായാചിത്രവും ആലേഖനം ചെയ്ത പട്ടുവസ്ത്രങ്ങൾ പദയാത്ര സംഘത്തിന് വേണ്ടി ചെയർമാൻ സുനീഷ് ശുശീലൻ, ജനറൽ സെക്രട്ടറി വി. ആർ. സജീവൻ എന്നിവരെ അണിയിച്ച് അനുമോദിച്ചു.
പിറ്റേ ദിവസം, ഡിസംബർ 31 ഞായറാഴ്ച അതിരാവിലെ മുതൽ ശിവഗിരി സമാധി മണ്ഡപത്തിൽ നിന്നും, ഗുരുദേവ സാന്നിധ്യം സ്പഷ്ടമാക്കുന്ന, ഗുരുദേവ ഛായാചിത്രം ആലേഖനം ചെയ്ത, ഗുരുദേവൻ ശശരീരനായിരുന്നപ്പോൾ ഉപയോഗിച്ച ഗുരുദേവ റിക്ഷയോടും, അകമ്പടിയായി നൂറിൽപരം പദയാത്ര സംഘങ്ങളോടൊപ്പം, വർക്കല നഗരം ചുറ്റിയുള്ള ചരിത്രപ്രസിദ്ധമായ ശിവഗിരി ഘോഷയാത്രയിൽ ശിവഗിരി ധർമ്മസംഘത്തിന് തൊട്ടുപിന്നിലായി ഗുരുദേവ-അരയന്ന രഥത്തോടൊപ്പം അണിനിരന്ന ബഹറിൻ ശ്രീനാരായണ പദസഞ്ചലനം ഭക്തിനിർഭരവും ഏവരുടെയും ശ്രദ്ധാകേന്ദ്രവുമായി എന്നത് ബഹറിൻ ശ്രീനാരായണ സമൂഹത്തിനും വിശിഷ്യാ ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ കൾച്ചർ സൊസൈറ്റിക്കും അഭിമാനവും അനുഗ്രഹവുമായി മാറിയ മുഹൂർത്തങ്ങളാണ്.
വർഷാവസാനം കൂടിയായ 31-ആം തീയതി രാത്രി 12-മണിക്ക് സമാധി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പുതുവത്സര പൂജകളിലും പതിനായിരക്കണക്കിന് തീർത്ഥാടകർ പങ്കെടുത്ത പ്രാർത്ഥനയിലും ശിവഗിരി മഠം അധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണത്തിലും തുടർന്ന് നടന്ന കൈനീട്ട വിതരണ – ദക്ഷിണ സമർപ്പണ ചടങ്ങുകളിലും ബഹറിൻ ശ്രീനാരായണീയ അംഗങ്ങൾ ഭാഗഭാക്കായി അനുഗ്രഹീതരാവുകയും ചെയ്തു.
അന്നേദിവസം രാവിലെ നടന്ന 56-മത് ശിവഗിരി ഗുരുദേവ പ്രതിഷ്ഠ വാർഷിക ചടങ്ങുകളിലും, കലശ പൂജയിലും അഭിഷേകത്തിലും എസ്.എൻ.സി.എസ്-നെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സംബന്ധിച്ചു. അതിനുശേഷം നടന്ന, കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടകനായി നടന്ന മഹാ സമ്മേളനത്തിൽ ബഹറിൻ ശ്രീനാരായണ സമൂഹത്തിനെ പ്രതിനിധീകരിച്ച് എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ ജി.എസ്.എസ് ചെയർമാൻ സനീഷ് കുറിമുള്ളിൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ശിവഗിരി തീർത്ഥാടന കമ്മറ്റിയുടെ ചെയർമാൻ സ്ഥാനം ഇത്തവണയും വ്യവസായ പ്രമുഖനും ബഹ്റൈൻ പ്രവാസിയും, പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ. ജി. ബാബുരാജിനെ തിരഞ്ഞെടുത്തത് ബഹ്റൈൻ ശ്രീനാരായണ സമൂഹത്തിന് കൂടുതൽ അഭിമാനകരവും പ്രവർത്തനങ്ങൾക്ക് പ്രചോദനവുമായി.
ജനുവരി 5 വെള്ളിയാഴ്ച നടന്ന ചടങ്ങുകളോടെ 91-മത് ശിവഗിരി തീർത്ഥാടന ആഘോഷങ്ങൾ ശിവഗിരിയിലും, ലോകത്തിന്റെ നാനാഭാഗങ്ങളിലും എന്നപോലെ ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലും പരിസമാപ്തിയായി.