ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേയിൽവച്ച് ജപ്പാന് എയര്‍ലൈന്‍സ് വിമാനവും ജപ്പാന് കോസ്റ്റ് ഗാർഡിന്റെ വിമാനവും കൂട്ടിയിടിച്ചു തീപിടിച്ചു. കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന 5 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഒരാളെ രക്ഷപ്പെടുത്തി. ഇയാൾ വിമാനത്തിന്റെ പൈലറ്റാണെന്നും അതീവ ഗുരുതരനിലയിലാണെന്നുമാണ് റിപ്പോർട്ട്. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹൊക്കൈയ്ഡോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെഎഎല്‍–516 വിമാനത്തില്‍ 379 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ അടിയന്തരവാതിലിലൂടെ സുരക്ഷിതമായി പുറത്തിറക്കി. ആദ്യം വന്ന വിഡിയോകളിൽ വിമാനത്തിന്റെ ചിറകിന്റെ ഭാഗത്താണ് തീ കണ്ടത്. ഒരു മണിക്കൂറിനുശേഷം വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. സമീപനഗരമായ സാപ്പോറോയിലെ ഷിൻ ചിറ്റോസ് വിമാനത്താവളത്തിൽനിന്നുള്ള പറന്നുയർന്ന എയർബസ് എ–350 വിമാനമാണ് ജപ്പാൻ എയർലൈൻസിന്റേത്. ഭൂചലനമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ പോയ കോസ്റ്റ് ഗാര്‍ഡ് വിമാനമായ എംഎ–722 ബൊംബാർഡിയർ ഡാഷ് –8 വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് വക്താവ് യോഷിനോറി യനാഗിഷിമ സ്ഥിരീകരിച്ചു. ഹനേഡ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ജനാലകളില്‍ കൂടി തീനാളങ്ങള്‍ പുറത്തേക്കുവരുന്നതും പരിഭ്രാന്തരായ യാത്രക്കാര്‍ റണ്‍വേയിലൂടെ ഓടുന്നതും മറ്റുമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജപ്പാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹനേഡ.