
കോഴിക്കോട്: നവകേരളസദസ്സ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ അടിയും അടിക്ക് തിരിച്ചടിയെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷവും ഭരണപക്ഷവും. നവകേരളസദസ്സ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. കരിങ്കൊടി പ്രതിഷേധത്തെ നേരിടാന്‍ പോലീസിന് പുറമേ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും നേരിട്ടിറങ്ങിയപ്പോള്‍ ആരംഭിച്ച രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങള്‍, നവകേരളസദസ്സ് തലസ്ഥാനത്ത് പ്രവേശിക്കുന്ന ദിവസം തെരുവുയുദ്ധത്തിലേക്ക് എത്തി. മഞ്ചേശ്വരത്തെ പൈവളിഗെയില്‍ ആരംഭിച്ച നവകേരളസദസ്സ് കാസര്‍കോട് ജില്ല വിടുന്നതുവരെ കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെ തങ്ങളുടെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിച്ചവരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് പ്രതിരോധിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെയുള്ള ഡി.വൈ.എഫ്.ഐ. ആക്രമണം, രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത് വലിയ രാഷ്ട്രീയ കോലാഹലമാണ് ഉണ്ടാക്കിയത്.


