ആലപ്പുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിൽ വിധി കുറ്റമറ്റതാണോയെന്ന് പരിശോധിക്കുമെന്നും അപ്പീൽ നൽകുന്നതിൽ കുടുംബത്തെ സഹായിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഇത്തരം കേസുകളിൽ കർക്കശമായ ശിക്ഷ ലഭിക്കണമെന്ന സമീപനമാണ് സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നിയമസംവിധാനങ്ങളുടെ അഭിപ്രായങ്ങൾകൂടി നോക്കി അപ്പീൽ പോകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കേസിൽ പ്രതിയായ അർജുനെ(24) കോടതി വ്യാഴാഴ്ച വെറുതെ വിട്ടിരുന്നു. 2021 ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസികൂടിയായ അർജുനെ പിടികൂടുകയുമായിരുന്നു.