കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ റിലീസ്. ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തേക്കും. ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് വിവിധ സംഘടനകള്‍ക്ക് കത്ത് നല്കി. വിജയബാബു നിർമിച്ച സൂഫിയും സുജാതയ്ക്കും പിന്നാലെയാണ് മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസിനായി ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒരുങ്ങുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ 150 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് അറിയിച്ചാണ് ഒടിടി റിലീസിന് അനുമതി നല്‍കണമെന്ന് അറിയിച്ച് നിര്‍മാതാവ് കത്ത് നല്‍കിയിരിക്കുന്നത്.


