ശബരിമല: രണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയിൽ ദർശനത്തിനുള്ള ക്യൂ 18 മണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം നടത്താനായത്. വെള്ളിയാഴ്ച വൈകീട്ടുമുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണമേർപ്പെടുത്തി. പമ്പയിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വഴിയിൽ പലരും കുഴഞ്ഞുവീണു.
പ്രത്യേക ക്യൂ കോംപ്ലക്സ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടു. ക്യൂ കോംപ്ലക്സിൽ 10 മണിക്കൂറോളം ഭക്തർ വരിനിൽക്കേണ്ടിവന്നു. നിലയ്ക്കൽ പാർക്കിങ് കേന്ദ്രത്തിലും നിയന്ത്രണമേർപ്പെടുത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. മിനിറ്റിൽ 70 പേരെവരെ പതിനെട്ടാം പടി കടത്തിവിടണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. രണ്ടുദിവസമായി മിനിറ്റിൽ 50-ൽ താഴെ ഭക്തരെ മാത്രമാണ് പടികയറ്റിവിടുന്നത്. ശബരിമലപീഠംവരെയാണ് വരി നീണ്ടത്. കുട്ടികൾ ക്ഷീണിച്ച് തളർന്നുവീണതോടെ എട്ട് കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരിൽ നിന്നെത്തിയ ശിവനും സംഘവും ദർശനത്തിന് നിൽക്കാതെ മടങ്ങിപ്പോയി. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ദർശന സമയം 17 മണിക്കൂറിൽ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ദർശന സമയം ഒന്ന് രണ്ട് മണിക്കൂർ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാൻ കോടതി രാവിലെ നിർദ്ദേശിച്ചിരുന്നു. ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിച്ചപ്പോഴാണ് ദർശന സമയം കൂട്ടാനാകില്ലെന്നാണ് തന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിനോട് പറഞ്ഞതായി അറിയിച്ചത്. തന്ത്രിയും മേൽശാന്തിയും മണ്ഡലകാലം മുഴുവൻ സന്നിധാനത്ത് താമസിക്കണം. ഇതിനാലാണ് ദർശന സമയം കൂട്ടുന്നതിൽ ബുദ്ധിമുട്ട് അറിയിച്ചത്.