മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ കിന്റർഗാർട്ടൻ കായികമേള വർണ്ണശബളവുമായ പരിപാടികളോടെ നടന്നു. ആയിരത്തി മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുത്ത കായികമേളയിൽ ഡ്രിൽ ഡിസ്പ്ലേകളും ട്രാക്ക് ഇവന്റുകളും ആവേശം പകർന്നു. മുവ്വായിരത്തിലേറെ കാണികൾ കായികമേള കാണാനും കുരുന്നുകളെ പ്രോത്സാഹിപ്പിക്കാനും എത്തിയിരുന്നു. കെ.ജി വിദ്യാർത്ഥികൾക്കായി ആരോഗ്യകരമായ ജീവിത പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംരംഭം ലക്ഷ്യമിടുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എംഎൻ, അജയകൃഷ്ണൻ വി എന്നിവർ സന്നിഹിതരായിരുന്നു.
റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതമാശംസിച്ചു. കൊറോണ കാലയളവിനു ശേഷം തിരിച്ചെത്തിയ സ്കൂൾ കിന്റർഗാർട്ടൻ കായികമേള വൻ വിജയമായിരുന്നു. ഓരോ കിന്റർഗാർട്ടനൻ വിദ്യാർത്ഥിക്കും അവരുടെ കായിക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരം ഈ മേള നൽകുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ സ്പോർട്ടിംഗ് ഗാല സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . ചുവപ്പും വെള്ളയും കലർന്ന ബലൂണുകൾ പ്രതീകാത്മകമായി വാനിലുയർന്നു. കെ.ജി വിഭാഗങ്ങളിൽ നിന്നുള്ള കായിക ഇനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയ ടീം റിഫയുടെ അർപ്പണബോധത്തെ പ്രിൻസ് നടരാജൻ അഭിനന്ദിച്ചു. സജി ആന്റണി നന്ദി പറഞ്ഞു.
ദേശീയ ഗാനത്തോടും വിശുദ്ധ ഖുർആൻ പാരായണത്തോടും കൂടി ആരംഭിച്ച പരിപാടി ദൃശ്യാനുഭവമായിരുന്നു. വിശിഷ്ടാതിഥികൾക്ക് അകമ്പടി സേവിച്ചുകൊണ്ട് സ്കൂൾ ബാൻഡ് വാദ്യഘോഷം പരിപാടിക്ക് മാറ്റ് കൂട്ടി. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ സന്നിഹിതരായിരുന്നു. ജേതാക്കൾക്ക് വിശിഷ്ടാതിഥികൾ മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കുട്ടികൾക്കുള്ള മറ്റൊരു കളിക്കളമായ ടോട്ട് സ്പോട്ട് ഉദ്ഘാടനം പ്രിൻസ് നടരാജനും ഭരണ സമിതി അംഗങ്ങളും നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിൽ കളിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ പ്രസംഗിച്ചു. ഇസി അംഗം-സ്പോർട്സ് രാജേഷ് എം എൻ ഔദ്യോഗികമായി സ്പോർട്സ് മീറ്റ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.