മനാമ: ആവേശകരയായ ഇന്ത്യൻ സ്കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നേടി. റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർത്ഥികൾ മേളയിൽ സജീവമായി പങ്കുകൊണ്ടു. 421 പോയിന്റ് നേടി ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നിലനിർത്തിപ്പോയപ്പോൾ 387 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണർ അപ്പ് സ്ഥാനത്തെത്തി. മൊത്തം 345 പോയിന്റുമായി ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 211 പോയിന്റുമായി സി.വി രാമൻ ഹൗസ് നാലാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഭരണ സമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ബാൻഡ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ അകമ്പടിയോടെ നടന്ന വർണാഭമായ മാർച്ച്പാസ്റ്റും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട ഘോഷയാത്രയും ചടങ്ങിനു മാറ്റുകൂട്ടി.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്കൂൾ ക്യാപ്റ്റൻ അഗസ്റ്റിൻ മസ്കറിനാസിൽ നിന്ന് ഏറ്റുവാങ്ങി പ്രിൻസ് നടരാജൻ ഒളിമ്പിക് ദീപശിഖ തെളിയിച്ചു. കായിക വിഭാഗം ചുമതലയുള്ള ഭരണ സമിതി അംഗം രാജേഷ് എം എൻ റിപ്പോർട് വായിച്ചു. സജി ആന്റണി നന്ദി പറഞ്ഞു. വിജയികൾക്ക് 600-ലധികം മെഡലുകളും ട്രോഫികളും സമ്മാനിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. മാർച്ച് പാസ്റ്റിൽ 60 പോയിന്റുമായി വിഎസ്ബി ഹൗസ് ഒന്നാം സമ്മാനവും 58 പോയിന്റുമായി ആര്യഭട്ട ഹൗസ് രണ്ടാം സ്ഥാനവും 54 പോയിന്റുമായി സിവിആർ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വ്യക്തിഗത ചാമ്പ്യന്മാർ :
1.സബ് ജൂനിയർ ആൺകുട്ടികൾ: യഹ്യ സർഫരാജ് ഖലീഫ -25 പോയിന്റ് -ജെസിബി ഹൗസ്
2.സബ് ജൂനിയർ ഗേൾസ്: തയ്ബ മിറാസ് പത്താൻ -24 പോയിന്റ് -വിഎസ്ബി ഹൗസ്
3.ജൂനിയർ ആൺകുട്ടികൾ: അഫ്ലാഹ് അബ്ദുൾ റസാഖ്-28 പോയിന്റ് -വിഎസ്ബി ഹൗസ്
4.ജൂനിയർ ഗേൾസ്: പാർവതി സലീഷ്-28 പോയിന്റ് -വിഎസ്ബി ഹൗസ്
5.പ്രീ സീനിയർ ആൺകുട്ടികൾ: ജോഷ് മാത്യു -28 പോയിന്റ് -വിഎസ്ബി ഹൗസ്
6.പ്രീ സീനിയർ ഗേൾസ്: റിക്ക മേരി റോയ് -25 പോയിന്റ് -ജെസിബി ഹൗസ്
7.സീനിയർ ബോയ്സ്: അൽമാസ് എംഡി -25 പോയിന്റ് -ജെസിബി ഹൗസ്
8. സീനിയർ ഗേൾസ്: ആഗ്നസ് ചാക്കോ -24 പോയിന്റ്-ജെസിബി ഹൗസ്
9. സൂപ്പർ സീനിയർ ബോയ്സ്: റയ്യാൻ മുഹമ്മദ് -23 പോയിന്റ് -വിഎസ്ബി ഹൗസ്
10. സൂപ്പർ സീനിയർ ഗേൾസ്: ജാൻസി ടിഎം-26 പോയിന്റ് -എആർബി ഹൗസ്
കായികമേളയുടെ വിജയം ഉറപ്പാക്കുന്നതിൽ യത്നിച്ച വകുപ്പ് മേധാവി സൈക്കത്ത് സർക്കാരിന്റെ നേതൃത്വത്തിലുള്ള ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെയും പങ്കെടുത്ത വിദ്യാർത്ഥികളെയും സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗം-സ്പോർട്സ് രാജേഷ് എം.എൻ, പ്രിൻസിപ്പൽ വി ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു.