കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളാ പോലീസ് വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ച സംഭവമാണ് ശനിയാഴ്ച ഉണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മരണാനന്തര അവയവദാനം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവയവങ്ങള്‍ ദാനം ചെയ്ത സെല്‍വിന്‍ ശേഖറിന്റെ ഭാര്യ ഗീതയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആരോഗ്യ രക്ഷാപ്രവര്‍ത്തനത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയ പോലീസിനെയും ആരോഗ്യവകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സ്റ്റാഫ് നേഴ്സ് സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് മറ്റൊരു ജീവന് തുടിപ്പേകാനായി കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന് ഹരിനാരായണനിലാണ് ആ ഹൃദയം ഇപ്പോള്‍ തുടിക്കുന്നത്. ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഹൃദയത്തിന് പുറമേ സെല്‍വിന്റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിരുന്നു. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കാണ് ദാനം നല്‍കുന്നത്.