ദോഹ: എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളിൽനിന്ന് രാത്രിയിൽ പിടികൂടിയത്. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്.
തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ് ഇവർ.
ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം. അറസ്റ്റ് നടന്ന് ഏതാനും മാസം കഴിഞ്ഞാണ് ആരോപണം പുറത്തുവന്നത്. നജ്മിക്കു പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യക്കാരുടെ ജാമ്യാപേക്ഷ തള്ളി.