തിരുവനന്തപുരം: സംസ്ഥാനത്ത് ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) സ്ഫോടനങ്ങള്‍ നടന്ന സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ അടക്കം രാജ്യത്തെ പല തീവ്രവാദ ഗ്രൂപ്പുകളും ഐഇഡി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരാണ്. അതിനാല്‍ ശക്തമായ പരിശോധന ഉണ്ടാകണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദ ആക്രമണം ഉള്‍പ്പെടെയുള്ള ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് രൂപം കൊടുക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്യുന്നു.
ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടില്ലാതെ ആര്‍ക്കും വരാന്‍ സാധിക്കുന്ന ശബരിമലയിലേക്ക് ഭക്തരെന്ന വ്യാജേനെ മാവോയിസ്റ്റുകളും തീവ്രവാദികളും സാമൂഹ്യവിരുദ്ധരും കടന്നുകയറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയ്യപ്പ ഭക്തരുടെ ഇരുമുടിക്കെട്ടെന്ന വ്യാജേനെ ഇതില്‍ സ്ഫോടക വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. വഴിപാട് സാധനങ്ങളുടെ കൂട്ടത്തില്‍ സ്ഫോടക വസ്തുക്കളോ സ്ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ സംശയം തോന്നുന്ന സാഹചര്യത്തില്‍ ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നും വിശ്വാസികളെ വേദനിപ്പിക്കാതെ ആചാര ലംഘനം ഉണ്ടാകാതെ ഇത് നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കളമശ്ശേരിയിലെ ഐഇഡി സ്ഫോടനം, മാവോയിസ്റ്റുകളുമായി അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ തുടങ്ങിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേല്‍ ജാഗ്രത പുലര്‍ത്തണം. അതേസമയം സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് തീപിടിക്കാന്‍ സാധ്യത ഏറെയാണെന്ന മുന്നറിയിപ്പും പൊലീസ് നല്കുന്നു
എല്‍പിജി സിലിണ്ടറുകള്‍ സന്നിധാനത്ത് സൂക്ഷിക്കുന്നത് നിയന്ത്രിക്കണം. സിലിണ്ടറുകള്‍ക്കായി കേന്ദ്രീകൃത സൂക്ഷിപ്പ് കേന്ദ്രം വേണം. 30 മുതല്‍ 130 എല്‍പിജി സിലിണ്ടറുകള്‍വരെ ചില ഹോട്ടലുകള്‍ സൂക്ഷിക്കുന്നു. അനധികൃത സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എല്‍പിജി വിതരണം ദേവസ്വംബോര്‍ഡ് ഏറ്റെടുക്കണം. ഇതിന് കേന്ദ്രീകൃത റജിസ്ട്രേഷന് സംവിധാനവും വേണം. മാത്രമല്ല അടിയന്തര സാഹചര്യം വന്നാല്‍ പെട്ടെന്ന് സന്നിധാനത്തുനിന്ന് വലിയരീതിയില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ്, തിരക്കു നിയന്ത്രിക്കാന്‍ സന്നിധാനത്ത് കൂടുതല്‍ തുറന്ന സ്ഥലം ഉണ്ടാകണം, സന്നിധാനത്തുനിന്ന് പമ്പയില്‍നിന്ന് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് റോപ്പ് വേ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഇക്കാര്യങ്ങള്‍ അടുത്ത മണ്ഡല- മകരവിളക്ക് കാലത്തിന് മുമ്പ് നടപ്പിലാക്കണമെന്ന ശുപാര്‍ശയാണ് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്ളത്.






