തിരുവനന്തപുരം: അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളില്‍ സജീവമായി. തിരുവനന്തപുരം സീറ്റ് വെച്ചുമാറണമെന്ന ആവശ്യം സിപിഐക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം സീറ്റ് ഏറ്റെടുത്തിട്ട് പകരം മറ്റൊരു സീറ്റ് നല്‍കണമെന്ന് സിപിഐ സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ നാലു ലോക്സഭാ സീറ്റുകളാണ് സിപിഐക്കുള്ളത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നിവ. ഇതില്‍ മാവേലിക്കരയും തൃശൂരും തങ്ങളുടെ ശക്തികേന്ദ്രങ്ങളായി സിപിഐ നേതൃത്വം വിലയിരുത്തുന്നു. തിരുവനന്തപുരത്ത് ശശി തരൂരും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുമാണ് നിലവിലെ എംപിമാര്‍. ഇവര്‍ വീണ്ടും ഈ മണ്ഡലങ്ങളില്‍ മത്സരത്തിനിറങ്ങിയാല്‍ പോരാട്ടം അതികഠിനമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മൂന്നു തവണയായി ശശി തരൂര്‍ തിരുവനന്തപുരത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടു. തരൂര്‍ തന്നെയാകും വീണ്ടും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റു വെച്ചുമാറ്റം മുന്നണിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുള്ളത്.
തിരുവനന്തപുരത്തിന് പകരം തങ്ങള്‍ക്ക് സ്വാധീനശക്തിയുള്ള ഏതെങ്കിലും മണ്ഡലം പകരം തരണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഎമ്മും ഇടതുപക്ഷവും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നവകേരള സദസ് സമാപിച്ചശേഷമാകും ഇടതു മുന്നണി തെരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് കടക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചര്‍ച്ചകളിലാകും സീറ്റ് പങ്കിടല്‍ അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാകൂ. അതേസമയം സിപിഐയുടെ നിർദേശങ്ങളോട് സിപിഎം താൽപ്പര്യം കാണിച്ചിട്ടില്ല. നിലവിലെ ധാരണയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 2026 ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെയാകും ഇക്കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയെന്നും സിപിഎം വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആരോഗ്യകാരണങ്ങളാല്‍ സജീവമല്ല. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്, പിപി സുനീര്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു, ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി എന്നിവരാണ് പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.