പാലക്കാട്: കാടാങ്കോടില്‍ പ്രായമുള്ള ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന് കസ്റ്റഡിയില്‍. മകന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാടാങ്കോട് അയ്യപ്പന്‍കാവിലെ യശോദ (55)യാണ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചത്. സംഭവത്തില്‍ മകന് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസുഖബാധിതനായ ഭര്‍ത്താവ് അപ്പുണ്ണി(60)യെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതിനാണ് യശോദയെ മകന് മര്‍ദിച്ചത് എന്നാണ് വിവരം. യശോദ മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മദ്യലഹരിയിലാണ് അനൂപ് അമ്മയെ മര്‍ദിച്ചതെന്നാണ് വിവരം. അനൂപിന്റെ അച്ഛന് അപ്പുണ്ണി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ്. ഭര്‍ത്താവിന് അസുഖം മൂര്‍ച്ഛിച്ചതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് യശോദ മകനോട് ആവശ്യപ്പെട്ടത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് യശോദയെ മകന് ആക്രമിച്ചത് എന്നാണ് വിവരം. മര്‍ദനത്തില്‍ പരിക്കേറ്റ യശോദയെ ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യശോദ മരിച്ചു. ഇതിനിടെയാണ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അസുഖം മൂര്‍ച്ഛിച്ചാണ് അപ്പുണ്ണിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം.
അതിനിടെ, അപ്പുണ്ണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും അനൂപ് ആക്രമിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ പാലക്കാട് സൗത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. ദമ്പതിമാരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള അനൂപ് നേരത്തെ കഞ്ചാവ് കേസിലും ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.